പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പോലീസ്; പിഴയടയ്ക്കാൻ നിർദേശം
Sunday, July 14, 2024 12:26 PM IST
മുംബൈ: അസിസ്റ്റന്റ് കളക്ടര്‍ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പുനെ ട്രാഫിക് പോലീസ്. അധികാര ദുർവിനിയോഗം ആരോപണം നേരിട്ട പൂജ ഖേദ്കറിനോട് 21 ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയടയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വയ്ക്കുകയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാഹനം പിടിച്ചെടുത്തത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ പൂജ ഖേദ്കറെ സ്ഥലം മാറ്റിയിരുന്നു.
സ്വകാര്യ ഔഡി കാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച കളക്ടര്‍, കാറിന് മുകളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ കൈയേറിയതിലും പൂജയ്ക്കെതിരേ അന്വേഷണമുണ്ടായിരുന്നു.