"ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല': ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബൈഡൻ
Sunday, July 14, 2024 11:01 AM IST
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് റാലിക്കിടെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
‘ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല. യുഎസിൽ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേൾവിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണം’- ബൈഡൻ പറഞ്ഞു.
വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നും ബൈഡൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹവുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കുമെന്നും ബൈഡന് കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളി കൂടിയായ ട്രംപിനു നേരെ പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.
നേരത്തെ, മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷും ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരും ആക്രമണത്തെ അപലപിച്ചിരുന്നു.