ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് രാഹുൽ ഗാന്ധി
Sunday, July 14, 2024 10:11 AM IST
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.
അമേരിക്കൻ മുൻ പ്രസിഡന്റിന് നേരെ നടന്ന വധശ്രമത്തിൽ താൻ വളരെയധികം ആശങ്കാകുലനാണെന്നും അത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്രംപ് വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റു. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണ്.