നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു; 22 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Saturday, July 13, 2024 12:17 PM IST
അബുജ: വടക്കന്‍ നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 22 വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക പരിക്ക്. സെന്‍ട്രല്‍ പ്ലേറ്റോ സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് ആരംഭിച്ചതിന് പിന്നാലെ രണ്ട് നിലകളുള്ള സ്കൂള്‍ തകര്‍ന്നു വീഴുകയായിരുന്നു.
ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപേർ കുടുങ്ങി. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തി. വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി നൈജീരിയയിലെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ 132 പേരെ രക്ഷപ്പെടുത്തിയതായും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. അതേ സമയം, കെട്ടിടം തകരാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.