വിഴിഞ്ഞം: ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്പീക്കർ
Friday, July 12, 2024 7:18 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്പീക്കർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഷംസീർ ഉമ്മൻ ചാണ്ടിയുടെ പങ്ക് എടുത്ത് പറഞ്ഞത്.
സ്പീക്കറുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-
കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു.
ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.