അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി "ഭരണഘടനാ ഹത്യ ദിനം'; കേന്ദ്രം വിജ്ഞാപനമിറക്കി
Friday, July 12, 2024 6:50 PM IST
ന്യൂഡൽഹി: രാജ്യത്ത് ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിന്റെ ഓർമപ്പെടുത്തലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് ഭരണത്തിലെ കറുത്ത അധ്യായം രാജ്യം ഒരിക്കലും മറക്കില്ലെന്നും നടപടിക്ക് ഇരയായവരെയെല്ലാം ഈ ദിനം ഓർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് എക്സിൽ പങ്കുവച്ച കുറിപ്പിൽ അമിത് ഷാ പറഞ്ഞു.
ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.