"വിജയവഴിയിൽ വിഴിഞ്ഞ'മെന്ന് സിപിഎം, "ഉമ്മൻ ചാണ്ടിയെ മറക്കില്ലെ'ന്ന് കോൺഗ്രസ്: വിഴിഞ്ഞത്ത് ഫ്ലക്സ് യുദ്ധം
Friday, July 12, 2024 12:57 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്ന മുഹൂർത്തത്തിൽ നേട്ടത്തിന്റെ അവകാശം ഉന്നയിച്ച് സിപിഎമ്മും കോൺഗ്രസും ഫ്ലക്സുകളിലൂടെ ഏറ്റുമുട്ടുന്നു. അതേസമയം ഫ്ലക്സുകളൊന്നും ഉയർത്താതെ മാറിനിൽക്കുകയാണ് ബിജെപി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ചിത്രങ്ങൾ ആലേഖനം ചെയ്ത ഫ്ലക്സുകളിൽ "വിജയവഴിയിൽ വിഴിഞ്ഞം' എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന് ബദലായി "തുറമുഖ ശിൽപി ഉമ്മൻ ചാണ്ടിയെ ആരു മറന്നാലും മറക്കില്ല ഞങ്ങൾ' എന്ന തലക്കെട്ടിൽ കോൺഗ്രസിന്റെ ഫ്ലക്സുകളും ഉയർന്നു. വിഴിഞ്ഞം തുറമുഖം പൂർത്തിയായി ആദ്യമദർഷിപ്പ് വരാൻ ഇടയാക്കിയതിന്റെ അവകാശികൾ തങ്ങളാണെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്.
വ്യാഴാഴ്ച വരെയും ഇത്തരം ഫ്ലക്സുകൾ വിഴിഞ്ഞം മേഖലയിൽ ഉണ്ടായിരുന്നില്ല. ട്രയൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്ന് ഇരുമുന്നണികളും ഉയർത്തിയ ഫ്ലക്സുകൾ കാരണം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
തുറമുഖത്തിനു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടാൻ ദിവസങ്ങൾക്കു മുന്പേ തന്നെ യുഡിഎഫ് രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളും ഇടപെടലുകളും സജീവചർച്ചയാക്കി.
ഭരണപക്ഷം ഇതിനെ പാടേ നിരാകരിക്കുന്നില്ലെങ്കിലും പല സർക്കാരുകളുടെ പ്രവർത്തനഫലമാണെന്ന വിശദീകരണമാണു നൽകുന്നത്. മാത്രമല്ല വിഴിഞ്ഞത്തിനു വേണ്ടി പലരും പല സംഭാവനകൾ നൽകിയെങ്കിലും പദ്ധതി യാഥാർഥ്യമാക്കിയതു തങ്ങളാണെന്നും ഇടതുപക്ഷവും സർക്കാരും വ്യക്തമാക്കുന്നു.
തിരുവനന്തപുരം എംപി ഡോ. ശശി തരൂർ ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തീരജനതയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചു വിട്ടുനിൽക്കുന്നു എന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നും കോൺഗ്രസ് ആവശ്യമുയർന്നിരുന്നു.
ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നുവെങ്കിലും വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ. വിൻസന്റ് ട്രയൽ റണ്ണിന്റെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.