അബ്ദുൾ റഹീമിന്റെ മോചനം ഉടന്‍; പത്ത് ദിവസത്തിനകം നാട്ടിലെത്തിയേക്കും
Friday, July 12, 2024 8:32 AM IST
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകന് അറിയിച്ചു. 10 ദിവസത്തിനകം റഹീം നാട്ടിലെത്തിയേക്കും.
നേരത്തെ, റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപയുടെ ദയാധനം കെട്ടിവെച്ചതോടെ അദ്ദേഹത്തിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദ് ചെയ്തിരുന്നു. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുൾ റഹീം ജയിലില്‍ കഴിയുകയാണ്.
2006 നവംബറില്‍ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്‍ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള്‍ റഹീമിനു വധശിക്ഷ ലഭിച്ചത്. കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്. കാര്‍ യാത്രയ്ക്കിടെ അബ്ദുള്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടി ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.