വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം; മുൻ എസ്എഫ്ഐ നേതാവിനെതിരേ പോക്സോ കേസ്
Thursday, July 11, 2024 1:35 PM IST
കൊച്ചി: കാലടി ശ്രീശങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവായ എസ്.രോഹിത്തിനെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. ഐടി ആക്ടിലെ വകുപ്പുകളും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത് മിക്കവാറും ദിവസങ്ങളില്‍ കോളജിലെത്തിയിരുന്നു. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. ഇരുപതിലേറെ പെണ്‍കുട്ടികളുടെ ചിത്രം രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.