ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ല; തനിക്കെതിരായ ആരോപണം ശത്രുക്കളുടേതെന്ന് പ്രമോദ് കോട്ടൂളി
Thursday, July 11, 2024 12:55 PM IST
കോഴിക്കോട്: ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്ന് പിഎസ്സി കോഴ വിവാദത്തില്‍ ആരോപണവിധേയനും സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവുമായ പ്രമോദ് കോട്ടൂളി. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ശത്രുക്കളാണെന്നും പ്രമോദ് പ്രതികരിച്ചു.
പിഎസ്സി കോഴ വിവാദത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കാനെത്തിയപ്പോളായിരുന്നു പ്രതികരണം. ആരോപണത്തിന്റെ വസ്തുത പുറത്തുവരണം. യാഥാര്‍ഥ്യം പാര്‍ട്ടി കണ്ടെത്തട്ടെയെന്നും വസ്തുത തനിക്ക് കുടുംബത്തെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും പ്രമോദ് പറഞ്ഞു.
താൻ എന്തോ അമാനുഷികനായ ആളാണെന്നാണ് വാർത്തയിൽ വരുന്നത്. റിയൽ എസ്റ്റേറ്റ് ഭീകരൻ എന്നൊക്കെയുണ്ട്. എന്നാൽ അതൊന്നുമല്ല.
തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം നൽകിയും മറ്റുമാണ് ഇത്രയും കാലം താൻ പ്രവർത്തിച്ചത്. അവരാണോ റിയൽ എസ്റ്റേറ്റ് എന്നും പ്രമോദ് ചോദിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി 22 ലക്ഷം രൂപ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി വിശദീകരണം തേടിയത്.