യദുവിനെ കുടുക്കിയത് യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ; വിശദീകരണവുമായി സിപിഎം
Thursday, July 11, 2024 12:17 AM IST
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം. അറസ്റ്റിലായ യദു കൃഷ്ണനെ കഞ്ചാവ് കേസില്‍ എക്സൈസ് കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു പറഞ്ഞു.
യുവമോര്‍ച്ചാ ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സെക്രട്ടറി വിശദീകരിച്ചു.
തിങ്കളാഴ്ചയാണ് പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണൻ കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. പിന്നീട് ഇയാൾക്കെതിരേ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
അടുത്തിടെയാണ് പത്തനംതിട്ടയിൽ 62 പേർ സിപിഎമ്മിൽ ചേർന്നത്. ഇതിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു. കഞ്ചാവുമായി പിടിയിലായ യദു കൃഷ്ണനും അന്ന് സിപിഎമ്മിൽ ചേർന്നിരുന്നു. മന്ത്രി വീണാ ജോർജ് ൾപ്പെടെ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.