ഐഎസ്ആര്‍ഒ ചാരക്കേസ്; സത്യം നേരത്തെ പുറത്തുവന്നതെന്ന് നമ്പി നാരായണന്
Wednesday, July 10, 2024 5:57 PM IST
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ യാഥാര്‍ത്ഥ്യം നേരത്തെ പുറത്തുവന്നതെന്ന് നമ്പി നാരായണന്. താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കണമായിരുന്നു. അത് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ കുറ്റപത്രം മുഖേന അത് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞു. അത്രമാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നും നമ്പി നാരായണന് പറഞ്ഞു.
കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ 20 വര്‍ഷത്തോളമെടുത്തു. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. കേസില്‍ താല്പര്യം നഷ്ടപ്പെട്ടു. വേണമെങ്കില്‍ സാക്ഷിയാകാമെന്നും നമ്പി നാരായണന് വ്യക്തമാക്കി.
ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിഐ ആയിരുന്ന എസ്. വിജയനാണ് കെട്ടിച്ചമച്ചതെന്ന് സിബിഐ പറയുന്നു.
മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു.
എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ.കെ. ജോഷ്യയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസിന് വേണ്ടിയാണ് ഇയാൾ കൃത്രിമരേഖ ഉണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍.
തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും സിബിഐ പറയുന്നു. ഗൂഢാലോചന കുറ്റപത്രത്തിലാണ് സിബിഐയുടെ കണ്ടെത്തൽ. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.