സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ; ഊരുകളിൽ ഭക്ഷ്യവിഷബാധ
Wednesday, July 10, 2024 10:02 AM IST
ഇടുക്കി: ആദിവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഇടുക്കിയിലെ ഊരുകളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.
വെണ്ണിയാനി ഊരിലെ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യ വിഷബാധയുണ്ടായി. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ക്യാമ്പ് നടത്തി. വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ വിതരണക്കാർ പ്രശ്നം പരിഹരിക്കുമെന്നും വെളിച്ചെണ്ണ മാറ്റി നൽകുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പിന്റെ വിശദീകരണം.
2018 ൽ സർക്കാർ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്. മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതടക്കമുള്ള ചില ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ സര്‍ക്കാര്‍ നിരോധിച്ചത്.
വെളിച്ചെണ്ണയുടെ പാക്കറ്റിൽ ബന്ധപ്പെടാൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ വ്യാജമാണ്. പരാതി ഉയർന്നതോടെ വെളിച്ചെണ്ണയുടെ സാമ്പിൾ പട്ടികവർഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയച്ചു.
അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ആദിവാസി ഏകോപന സമിതിയുടെ തീരുമാനം.