അലി ദേയിയെ മറികടന്നു; മുന്നില്‍ ഇനി റോണോ മാത്രം: ഗോൾവേട്ടയിൽ രണ്ടാമതെത്തി മെസി
Wednesday, July 10, 2024 10:00 AM IST
ന്യൂജഴ്സി: അന്താരാഷ്ട്ര ഫുട്ബോളിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയിൽ താരം രണ്ടാമതെത്തി. ന്യൂജഴ്സിയില്‍ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയ്ക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടത്തിലെത്തിയത്.
149 മത്സരങ്ങളില്‍ നിന്നായി108 അന്താരാഷ്ട്ര ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെയാണ് മെസി പിന്നിലാക്കിയത്. 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
തന്റെ 14-ാം കോപ്പ അമേരിക്ക ഗോളും 2024 ടൂർണമെന്റിലെ ആദ്യ ഗോളുമാണ് മെസി സെമിയില്‍ നേടിയത്. വ്യാഴാഴ്ച കൊളംബിയ - ഉറുഗ്വെ മത്സരത്തിലെ വിജയികളെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫൈനലില്‍ നേരിടുക.
207 മത്സരങ്ങളില്‍ നിന്ന് 130 ഗോള്‍ നേടിയ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയിൽ ഒന്നാമന്. ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഛേത്രിയാണ് നാലാം സ്ഥാനത്ത്. 151 മത്സരങ്ങളില്‍ 94 ഗോളാണ് ഛേത്രി നേടിയത്.
മലേഷ്യയുടെ മുഖ്താരല് ദഹാരി (89), യുഎഇ താരം അലി മബ്ഖൗത് (85), ബെല്‍ജിയത്തിന്റെ റൊമേലു ലുകാകു (85) എന്നിവരാണ് പിന്നിൽ.