കാട്ടാനശല്യം രൂക്ഷം; മലയാറ്റൂരില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
Wednesday, July 10, 2024 9:40 AM IST
കൊച്ചി: കിണറ്റില്‍വീണ കുട്ടിയാനയെ അമ്മയാന രക്ഷപെടുത്തിയതിന് പിന്നാലെ മലയാറ്റൂര്‍ ഇല്ലിത്തോട്ടിൽ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രദേശത്ത് കാട്ടാന ഇറങ്ങി തുടർച്ചയായി കൃഷി നശിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തുടര്‍ച്ചയായി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നാട്ടുകാർ പ്രദേശത്തെ റോഡ് ഉപരോധിക്കുകയാണ്
നാട്ടുകാരും പോലീസുകാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്ന് പിരിഞ്ഞുപോകാന്‍ തയാറാകാതെ നാട്ടുകാര്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ഇന്ന് പുലർച്ചെ സാജു എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് കിണറിനടുത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടെ കുട്ടിയാനയെ അമ്മയാന തന്നെ രക്ഷപെടുത്തുകയായിരുന്നു. സമീപ പ്രദേശത്ത് മൂന്ന് മാസം മുൻപും കുട്ടിയാന കിണറ്റിൽ വീണിരുന്നു.