മസാല ബോണ്ട്: അന്വേഷണം കേരളത്തിനെതിരേ മാത്രമെന്ന് കിഫ്ബി
Wednesday, July 10, 2024 4:36 AM IST
കൊച്ചി: ദേശീയപാതാ അഥോറിറ്റിയും തെര്‍മല്‍ പവര്‍ കോര്പറേഷനുമടക്കമുള്ള കേന്ദ്രസ്ഥാപനങ്ങളും വിദേശത്തു മസാല ബോണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും ഇഡി അന്വേഷണം കേരളത്തിനും കിഫ്ബിക്കുമെതിരേ മാത്രമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍.
മസാല ബോണ്ടിന്റെ പേരില്‍ അധികാരപരിധി മറികടന്ന് കേരളത്തിനും കിഫ്ബിക്കുമെതിരേ ഇഡി അന്വേഷണം നടത്തുകയാണെന്നും മുതിര്‍ന്ന അഭിഭാഷന് അരവിന്ദ് ദാത്തര് ചൂണ്ടിക്കാട്ടി. ഫണ്ട് ദുരുപയോഗം കണ്ടെത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അന്വേഷിക്കാനുള്ള അധികാരമുള്ളത് റിസര്‍വ് ബാങ്കിനാണ്. ക്രമക്കേടുണ്ടെങ്കില്‍ ആര്‍ബിഐ ശിപാര്‍ശയില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ് മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുക.
മസാല ബോണ്ട് വഴി സ്വരൂപിച്ച പണം 356 അടിസ്ഥാന പദ്ധതികള്‍ക്കായാണു വിനിയോഗിച്ചത്. പലിശസഹിതം തുക തിരിച്ചടയ്ക്കുകയും ചെയ്തു. ബാങ്ക് മുഖേനയുള്ള ഇടപാടുകളുടെ റിപ്പോര്‍ട്ട് ഓരോ മാസവും റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇഡി സ്വമേധയാ കേസെടുക്കുകയും സമന്‍സ് അയയ്ക്കുകയും രേഖകള്‍ വിളിച്ചുവരുത്തുകയും ചെയ്യുന്നത് അനുചിതമാണ്. അതിനാല്‍ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്നും കിഫ്ബി ആവശ്യപ്പെട്ടു.