ബെറിൽ കൊടുങ്കാറ്റ്; തെക്കേ അമേരിക്കയിൽ എട്ടുപേർ മരിച്ചു
Wednesday, July 10, 2024 1:29 AM IST
വാഷിംഗ്ടൺ ഡിസി: തെക്കേ അമേരിക്കയിൽ ബെറിൽ കൊടുങ്കാറ്റിനെ തുടർന്ന് എട്ടു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ടെക്സസിൽ ഏഴ് പേരും ലൂസിയാനയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും കനത്ത വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
ഇതോടെ കഴിഞ്ഞ ആഴ്ച കരീബിയൻ കടലിലൂടെ കടന്നുപോയ ബെറിലിൽ കൊടുങ്കാറ്റിനെ തുടർന്ന് 18 പേരാണ് മരിച്ചത്. കൊടുങ്കാറ്റിനെ തുടർന്ന് ടെക്സസിലെ ഏകദേശം 2.2 ദശലക്ഷം വീടുകളിൽ ചൊവ്വാഴ്ച വൈദ്യുതി ഇല്ലായിരുന്നു. ലൂസിയാനയിൽ 14,000 വീടുകളിലും വൈദ്യുതിയില്ല.
ബെറിൽ ചൊവ്വാഴ്ച ദുർബലമാവുകയും മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റിനൊപ്പം വടക്കുകിഴക്ക് കാനഡയിലേക്ക് നീങ്ങുകയും ചെയ്തു. കൊടുങ്കാറ്റിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹൂറികെയ്ൻ സെന്റർ മുന്നറിയിപ്പ് നൽകി.