ഇരിങ്ങാലക്കുടയില്‍ തെരുവുനായ ആക്രമണം: ആറ് പേര്‍ക്ക് പരിക്കേറ്റു
Tuesday, July 9, 2024 6:24 PM IST
ഇരിങ്ങാലക്കുട: തെരുവുനായയുടെ ആക്രമണത്തില്‍ കാറളം കിഴുത്താണിയില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രോമം കൊഴിഞ്ഞ നിലയിലുള്ള നായയാണ് ആക്രമിച്ചത്.
കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പില്‍ സുനന്ദ(60), കുട്ടാലയ്ക്കല്‍ ശ്രീകുട്ടന് (28), കുഞ്ഞലിക്കാട്ടില്‍ ശെന്തില്‍കുമാര്‍(49), കുന്നത്തപറമ്പില്‍ സൗദാമിനി (80), വെട്ടിയാട്ടില്‍ അനിത (53), പുല്ലൂര്‍ സ്വദേശി വെളുത്തേടത്ത് പറമ്പില്‍ രമ(53) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വഴിയിലൂടെ നടന്ന് പോകുന്നവരെയും വീട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയെ അടക്കമാണ് നായ ആക്രമിച്ചത്. പ്രദേശത്തെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ നേതൃത്വത്തില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിക്കുളത്ത് നിന്നുള്ള ഡോഗ് റെസ്ക്യൂ വിദഗ്ധര്‍ എത്തി നായയെ പിടികൂടി. നായയെ ഒരാഴ്ച്ചകാലം കൂട്ടിലടച്ച് നീരിക്ഷിക്കുവാനാണ് തീരുമാനം.