മോദിയുടെ അഭ്യർഥന; റഷ്യൻസേനയിലെ ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് പുടിൻ
Tuesday, July 9, 2024 7:33 AM IST
മോസ്കോ: റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. മോദി-പുടിൻ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ പ്രധാനമന്ത്രി തിങ്കളാഴ്ച വൈകിട്ട് പുടിൻ ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യക്കാരെ സൈന്യത്തിൽ നിന്നും വിട്ടയക്കുന്നതിന് പുറമെ ഇവരുടെ മടങ്ങി വരവ് സുഗമമാക്കുമെന്നും റഷ്യ അറിയിച്ചു.
ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഏജന്റുമാർ റഷ്യയിലേക്ക് കൊണ്ടു
പോയ നിരവധി ഇന്ത്യക്കാരാണ് റഷ്യൻ സേനയിൽ നിർബന്ധിത സേവനം ചെയ്യുന്നത്.
അതേസമയം, പ്രധാനമന്ത്രിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് മോദിയെ പുടിൻ അഭിനന്ദിക്കുകയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഉയരുന്ന നിലയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.