കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
Tuesday, July 9, 2024 4:53 AM IST
തിരുവനന്തപുരം: കനത്ത ചൂടിനെത്തുടർന്ന് ഈ വർഷം സംസ്ഥാനത്ത് 30536 ഹെക്ടർ ഏലകൃഷിയും 6369 ഹെക്ടർ നെൽകൃഷിയും നശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
2884 ഹെക്ടർ വാഴ, 3182 ഹെക്ടർ കുരുമുളക്, 521 ഹെക്ടർ തെങ്ങ്, 1577 ഹെക്ടർ അടയ്ക്ക, 261 ഹെക്ടർ കാപ്പി, 303 ഹെക്ടർ ജാതി, 61 ഹെക്ടർ കൊക്കോ, 336 ഹെക്ടർ റബർ, 603 ഹെക്ടർ പച്ചക്കറി, 100 ഹെക്ടർ പഴവർഗങ്ങൾ എന്നിവയും കനത്ത ചൂടിൽ നശിച്ചു.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനു സംസ്ഥാന, കേന്ദ്ര വിഹിതമുൾപ്പെടുന്ന ധനസഹായമാണു നൽകിവരുന്നത്. സംസ്ഥാനത്തു നിലനിന്ന സാഹചര്യം വിലയിരുത്തി പ്രത്യേക കേന്ദ്രസഹായം ലഭിച്ചില്ല. കേന്ദ്രസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനു പുറമേ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കു നിശ്ചിത നിരക്കു പ്രകാരം ആനുകൂല്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.