തദ്ദേശ വാർഡ് വിഭജനത്തിന് അംഗീകാരം: ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു
Monday, July 8, 2024 9:18 PM IST
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്. ഇതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, കെ.വാസുകി എന്നിവർ അംഗങ്ങളാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ ബില്ല് പാസാക്കിയിരുന്നു. ബില്ല് ചർച്ച ചെയ്യാതെയാണ് പാസാക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷം ഗവർണറെ സമീപിച്ചിരുന്നു.