പിഎസ്സി തട്ടിപ്പിനും സര്‍ക്കാര്‍ പിന്തുണ: കെ.സുരേന്ദ്രന്
Monday, July 8, 2024 8:36 PM IST
കോഴിക്കോട്: പിഎസ്സി തട്ടിപ്പിനും സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇന്ത്യയില്‍ ഏറ്റവും അധികം പിഎസ്സി തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
"ഏറ്റവും കൂടുതല്‍ പിഎസ്സി മെമ്പര്‍മാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. എന്നാല്‍ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നത്.'-സുരേന്ദ്രന് പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.