നരേന്ദ്രമോദി മോസ്കോയിൽ ; പുടിനുമായി ചൊവ്വാഴ്ച ചർച്ച
Monday, July 8, 2024 7:55 PM IST
മോസ്കോ: ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നീസ് മാന്റുറോവ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്.
2019 ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി. മോസ്കോവിലെ ഇന്ത്യൻ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യൻ സന്ദർശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 40 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.