വിശ്വാസവോട്ട് നേടി ഹേമന്ത് സോറന്
Monday, July 8, 2024 2:26 PM IST
റാഞ്ചി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ജെഎംഎം അധ്യക്ഷന്‍ ഹേമന്ത് സോറന് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 45 പേരാണ് ഹേമന്ത് സോറനെ പിന്തുണച്ചത്.
ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ജെഎംഎമ്മിന് 27 ഉം കോണ്‍ഗ്രസിന് 17ഉം ആര്‍ജെഡിക്ക് ഒരു സീറ്റുമാണുള്ളത്.
ജാര്‍ഖണ്ഡ് നിയമസഭയുടെ ആകെ അംഗസഖ്യ 81 ആണെങ്കിലും നിലവില്‍ 76 പേരാണ് അംഗങ്ങളായുള്ളത്. ചില അംഗങ്ങള്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ചിലര്‍ രാജിവച്ചതും മറ്റുചിലരെ പുറത്താക്കിയതും കാരണമാണ് അംഗസംഖ്യ കുറഞ്ഞത്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ജൂലൈ നാലിനാണ് ഹേമന്ത് സോറന് വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയായിരുന്ന ചംപൈ സോറൻ രാജിവച്ചതിന് പിന്നാലെയാണ് സോറൻ മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയത്.
ജനുവരി 31 ന് ഭൂമി കുംഭകോണകേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞയാഴ്ച കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോറന് മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയത്.