എടക്കരയിൽ മർദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്
Monday, July 8, 2024 11:08 AM IST
മലപ്പുറം: എടക്കരയില്‍ മര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്ന ഭിന്നശേഷിക്കാരനെതിരെയും പോലീസ് കേസെടുത്തു. എടക്കര സ്വദേശി ജിബിനെതിരെയാണ് പോക്സോ കേസെടുത്തത്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യാൻ കയറിയ വീട്ടിലെ ആറ് വയസുള്ള പെൺകുട്ടിയുടെ കൈയിൽ കയറി പിടിച്ചെന്നാണ് പരാതി.
ജിബിന്‍ ക്രൂരമർദനമേറ്റെന്ന് കാട്ടി ഇയാളുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് ഞായറാഴ്ച കേസെടുത്തിരുന്നു. ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ കയറിയ വീട്ടിലെ ആളുകൾ ക്രൂരമായി മര്‍ദിച്ചതെന്നായിരുന്നു പരാതി. ഇവിടെ ഇലക്ട്രിക് സ്കൂട്ടര്‍ ഉണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും ജിബിന്റെ പിതാവ് അലവിക്കുട്ടി പറഞ്ഞു.
അതേസമയം ജിബിനെ മർദിച്ച കേസിൽനിന്ന് രക്ഷപെടാൻ വേണ്ടി വീട്ടുകാർ നൽകിയ പരാതിയിലാണ് പോക്സോ കേസ് എടുത്തതെന്നും ആക്ഷേപമുണ്ട്.