സിഎംആര്‍എല്‍ -എക്സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം വേണം: കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Monday, July 8, 2024 9:41 AM IST
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്നാണ് കുഴല്‍നാടന്റെ വാദം. വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളിലും തീരുമാനത്തിലും പാളിച്ച പറ്റി.
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. വിജിലന്‍സ് കോടതി ജഡ്ജി നിയമത്തിന്റെ ഭാഷയ്ക്കപ്പുറം വ്യതിചലിച്ചു. ഇത് ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് എന്നും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് റിവിഷന്‍ ഹര്‍ജിയിലെ ആവശ്യം.
ഡിജിപിയുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാരിനെക്കൂടി കക്ഷി ചേർത്ത് ഹർജി ഭേദഗതി ചെയ്ത് നൽകിയിരുന്നു.
മാത്യു കുഴല്‍നാടനു പുറമെ, പൊതുപ്രവര്ത്തകന് ജി. ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം.