ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
Monday, July 8, 2024 1:32 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽബാരിയിലെ താമസക്കാരനായിരുന്ന അസ്ഗർ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്.
മർദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും വ്യക്തമാണ്.
ബംഗാളിൽ അടുത്തിടെ സമാനസംഭവങ്ങൾ നിരവധി നടക്കുന്നുണ്ട്. ജൂൺ 28 ന് സെൻട്രൽ കോൽക്കത്തയിലെ ബൗബസാർ ഏരിയയിലെ വിദ്യാർഥികൾക്കുള്ള സർക്കാർ ഹോസ്റ്റലിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ച് ഒരാളെ അടിച്ചുകൊന്നിരുന്നു.