വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
Sunday, July 7, 2024 6:41 PM IST
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയ്ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
ഹത്രാസ് ദുരന്തത്തില്‍പ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖയ്ക്ക് ഒപ്പമണ്ടായിരുന്ന സ്ത്രീകളിലൊരാള്‍ കുടപിടിച്ച് കൊടുക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഈ ചിത്രത്തിനെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പ്രതികരണമാണ് വിവാദമായത്.
അവര്‍ തന്റെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എന്ന മഹുവയുടെ മറുപടിയാണ് നടപടിക്ക് കാരണമായത്. പിന്നാലെ മഹുവയ്ക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് വനിതാ കമ്മീഷന് ഡല്‍ഹി പോലീസ് പരാതി നല്കി.
വനിതാ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പാണ് മഹുവയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ലോക്സഭാ സ്പീക്കര്‍ക്കും കമ്മീഷന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.
എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. സംഭവം വിവാദമായതിന് പിന്നാലെ മഹുവ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. തന്നെ വേഗം അറസ്റ്റ് ചെയ്യണമെന്ന് മഹുവ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ബംഗാളിലെ നദിയയിലുണ്ടെന്നും തൃണമൂല്‍ എംപി പറഞ്ഞു.