കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Sunday, July 7, 2024 5:31 PM IST
ഏറ്റുമാനൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉച്ചയ്ക്ക് കാണക്കാരി അമ്പലപ്പടിയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കാണക്കാരി ലോ കോളജിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന പാറവിളയിൽ ജയദാസ് ചെല്ലദുരൈ (41) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയാണ് ജയദാസ്.
കാണക്കാരിയിൽനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ജയദാസ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അപ്രതീക്ഷിതമായി മുന്നോട്ടെടുത്തപ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് എതിർദിശയിൽനിന്നു വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പാടേ തകർന്നു. ഓട്ടോറിക്ഷയുടെ മുൻ ചക്രം ഊരിത്തെറിച്ചു. ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും ചേർന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങിയ ജയദാസിനെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കാണക്കാരിയിലെ വീട്ടിൽ എത്തിച്ച ശേഷം ഏലപ്പാറയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം ഏലപ്പാറ സെന്റ് പോൾസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടത്തും. ഭാര്യ സുഗന്ധി. മക്കൾ: സിജോ, സിജിൻ (ഇരുവരും വിദ്യാർഥികൾ).