കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: മായാവതി
Sunday, July 7, 2024 4:50 PM IST
ചെന്നൈ: ബിഎസ്പി തമിഴ്നാട് അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കെ.ആംസ്ട്രോങ്ങിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റർ ആകാശ് ആനന്ദിനൊപ്പമാണ് മായാവതി ചെന്നൈയിലെത്തിയത്. തമിഴ്നാട്ടില്‍ ക്രമസമാധാനം ഇല്ലാതായിരിക്കുകയാണ്. പ്രതികളാരും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും മായാവതി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് കെ.ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ആംസ്ട്രോങ്ങിനെ വെട്ടിയശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം ആംസ്ട്രോങ്ങിന്റെ മൃതദേഹം ചെന്നൈയിലെ പാര്‍ട്ടി ഓഫീസിന് സമീപം സംസ്കരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. തിരുവള്ളുവര്‍ ജില്ലയിലെ സ്വകാര്യഭൂമിയില്‍ മൃതദേഹം സംസ്കരിക്കാമെന്ന് കോടതി നിർദേശം നൽകി.