തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
Sunday, July 7, 2024 1:12 PM IST
കോഴിക്കോട്: തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടില്‍ കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരെ വീട്ടുകാര്‍ ആക്രമിക്കില്ലെന്ന് പോലീസ് ഉറപ്പുനല്‍കിയാല്‍ ഇന്ന് തന്നെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധണമാണ് കെഎസ്ഇബി എംഡിയുടെ നിർദേശപ്രകാരം വിച്ഛേദിച്ചത്. സംഭവത്തിൽ കെഎസ്ഇബിയെ ന്യായീകരിച്ച് രാവിലെ മന്ത്രി കൃഷ്ണന്‍കുട്ടി രംഗത്തെത്തിയിരുന്നു.
യുപി മോഡല്‍ പ്രതികാരമൊന്നുമല്ല ഇത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്.
ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇതിനെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ നിലപാട് മാറ്റം.