കോപ്പയില്‍ ബ്രസീല്‍ വീണു; ഷൂട്ടൗട്ടിലൂടെ യുറഗ്വായ്ക്ക് ജയം
Sunday, July 7, 2024 9:23 AM IST
ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ച് യുറഗ്വായ് സെമിയിൽ. ബ്രസീലിനെതിരേ 4-2 എന്ന സ്കോറിലായിരുന്നു യുറഗ്വായുടെ ജയം.
നിശ്ചിത സമയത്ത് കളി ഗോൾരഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇനി യുറഗ്വായ് സെമിഫൈനലിൽ കൊളംബിയയെ നേരിടും.
യുറഗ്വായ്ക്കായി ഫെഡറിക്കോ വാല്വെര്ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ഡി.അരാസ്കെറ്റ, മാനുവല്‍ ഉഗാര്‍ത്തെ എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീല്‍ ഗോളി ആലിസന് തടുത്തിട്ടെങ്കിലും കാര്യമുണ്ടായില്ല.
ബ്രസീലിനായി ആദ്യ കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്കുതന്നെ പിഴച്ചു. താരത്തിന്റെ ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ആന്‍ഡ്രേസ് പെരെയ്ര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ മങ്ങിതുടങ്ങി.
അടുത്ത കിക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലയിലാക്കിയെങ്കിലും യുറഗ്വായുടെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉഗാര്‍ത്തെ ടീമിനെ സെമിയിലേക്ക് നയിച്ചപ്പോൾ ബ്രസീൽ പുറത്തായി.