ബന്ദികളെ വിട്ടയക്കും ; ഇസ്രായേൽ ഹമാസ് ചർച്ച വിജയത്തിലേക്ക്
Sunday, July 7, 2024 4:19 AM IST
ജറുസലേം : ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചർച്ച വിജയത്തിലേക്കെന്ന് സൂചന. ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഘട്ടം ഘട്ടമായി വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്ക് ഹമാസ് പ്രാഥമിക അംഗീകാരം നൽകി.
കരാർ ഒപ്പിടും മുമ്പ് സ്ഥിരം വെടിനിർത്തലിന് ഇസ്രായേൽ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം ആറ് ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ ചർച്ചകളിലൂടെ സ്ഥിരം വെടിനിർത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക.
ദോഹയിലെ പ്രാരംഭ ചർച്ചയിൽ ഇക്കാര്യത്തിൽ ഇരുപക്ഷവും ധാരണയായി. പ്രാരംഭ ചർച്ചകൾക്കുശേഷം മൊസാദ് തലവൻ ഇസ്രായേലിലേക്കു മടങ്ങി. അടുത്തയാഴ്ച ചർച്ച തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.