കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്
Saturday, July 6, 2024 8:05 PM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഇടിമുറി മര്‍ദനമെന്ന കെഎസ്യു ആരോപണം തെറ്റാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മര്‍ദനത്തിന് ഇരയായ കെഎസ്യു നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാര്യവട്ടം കാമ്പസിലെ മെന്‍സ് ഹോസ്റ്റലിലെ 121-ാം നമ്പര്‍ മുറി ഒരു ഗവേഷക വിദ്യാര്‍ഥിക്ക് അനുവദിച്ചതാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിദ്യാര്‍ഥി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നതിന്റെ തലേദിവസം ഈ വിദ്യാര്‍ഥി ഇവിടെ നിന്ന് പോയിരുന്നു.
സംഘര്‍ഷം നടന്ന ദിവസം മുറി അടഞ്ഞുകിടക്കുകയായിരുന്നു. കാമ്പസില്‍ കെഎസ്യു-എസ്എഫ്ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കാമ്പസിലെ വിദ്യാര്‍ഥിയല്ലാത്ത ജോഫിന്‍ എന്നയാള്‍ കാമ്പസില്‍ പ്രവേശിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിദ്യാര്‍ഥിനിയായ സഹോദരിയെ കാമ്പസില്‍ എത്തിക്കാന്‍ വന്നതാണ് ജോഫിനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണ് കാമ്പസില്‍ എത്തിയത്. എന്നാല്‍ കാമ്പസില്‍ നിന്ന് തിരികെ പോകുമ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപംവച്ച് ജോഫിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു.
ഇതറിഞ്ഞാണ് സാന്‍ജോസ് സ്ഥലത്ത് എത്തിയത്. പിന്നീട് ഇരു ഭാഗത്തും കൂടുതല്‍ പേരെത്തി. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കെഎസ്യു നേതാവ് സാന്‍ജോസിനും എസ്എഫ്ഐ പ്രവര്ത്തകന് അഭിജിത്തിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
നവാഗതരെ സ്വീകരിക്കുന്നതിന് തോരണം കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുന്‍പ് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും നവാഗതരെ സ്വീകരിക്കുന്നതിനു പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണ സമിതി റിപ്പോര്‍ട്ട് കെഎസ്യു നേതൃത്വം തള്ളി.