"ആർഎസ്എസിന് വേണ്ടിയാണ് ശരണ്ചന്ദ്രൻ പ്രതിയായത്': വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
Saturday, July 6, 2024 11:52 AM IST
പത്തനംതിട്ട: കാപ്പ കേസ് പ്രതിയെ മാലയിട്ട് ആഘോഷമായി സ്വീകരിച്ചതില്‍ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ശരണ്‍ ചന്ദ്രന് ഇപ്പോള്‍ പ്രതിയല്ല. കാപ്പ ചുമത്തിയ കാലാവധി കഴിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.
ശരണിനെ നാടുകടത്തിയിട്ടില്ലെന്നും താക്കീത് നല്കിയതേയുള്ളൂവെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ അവകാശവാദം. ആര്‍എസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരണ്‍ പ്രതിയായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ പ്രതിയായത്. ശബരിമല കേസിൽ പ്രതിയാണ്. ആ പ്രസ്ഥാനം അവരെ ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവർ അത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു. ശരണിനെ നാടുകടത്തിയിട്ടില്ല. താക്കീത് ചെയ്തിട്ടേയുള്ളൂ. ശരൺ ഇപ്പോൾ കാപ്പ കേസിൽ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവിൽ മാത്രം ഉള്ളതാണ്. ആറുമാസം കഴിയുന്നതോടെ അത് തീർന്നു. രാഷ്ട്രീയ കേസുകളിൽപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണ്’- ഉദയഭാനു പറഞ്ഞു.
ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. വിവിധ കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
കാപ്പാ കേസ് ചുമത്തിയ ശരൺ ചന്ദ്രൻ തുടര്‍ന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ നാടുകടത്തിയിരുന്നില്ല.