ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
ഷൈമോൻ തോട്ടുങ്കൽ
Friday, July 5, 2024 12:49 PM IST
ലണ്ടൻ: ബ്രിട്ടനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫ്. കെന്റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നും ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച സോജൻ ജോസഫ് വർഷങ്ങളായി കണ്‍സര്‍വേറ്റീവ് പാർട്ടി കൈയടക്കി വച്ചിരുന്ന ആഷ്ഫോർഡ് മണ്ഡലത്തിലാണ് അട്ടിമറി വിജയം നേടിയത്.
ആദ്യമായിയാണ് ഒരു മലയാളി ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കണ്‍സര്‍വേറ്റീവ് സർക്കാരുകളിൽ പ്രമുഖ പദവികൾ കൈകാര്യം ചെയ്തിരുന്ന പ്രമുഖ നേതാവ് ഡാമിയൻ ഗ്രീനിനെയാണ് 1,779 വോട്ടുകൾക്ക് സോജൻ പരാജയപ്പെടുത്തിയത്.
ആഷ്ഫോർഡ് സിറ്റി കൗൺസിലിൽ കൗൺസിലറായി പ്രവർത്തിക്കുന്ന സോജൻ ആഷ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിൽ മേട്രൺ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്.
15,262 വോട്ടുകള്‍ നേടി സോജന് വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13,483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ നേടിയ ഹാര്‍പ്പർ നേടിയത്.
രണ്ടുപതിറ്റാണ്ടു മുൻപ് ഏറ്റുമാനൂരിനടത്തു കൈപ്പുഴയിൽ നിന്ന് യുകെയിലേക്ക് ജോലി സൗകര്യാർഥം കുടിയേറിയതാണ് സോജൻ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗമാണ്.
14 വർഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച ലേബർ പാർട്ടി അധികാരത്തിലെത്തുമ്പോൾ അതിൽ പങ്കാളിയായതിന്റെ സന്തോഷത്തിലാണ് സോജൻ ജോസഫ്.