ബ്രിട്ടനിൽ ചരിത്രജയവുമായി ലേബർ പാർട്ടി അധികാരത്തിലേക്ക്; തോല്‍വി സമ്മതിച്ച് സുനക്
Friday, July 5, 2024 12:45 PM IST
ലണ്ടൻ: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്.
കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. 650 അംഗ പാര്‍ലമെന്റിലേക്ക് കേവലഭൂരിപക്ഷത്തിനുവേണ്ടത് 325 സീറ്റുകളാണ്.
വിജയമുറപ്പിച്ചതോടെ ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്തെന്ന് സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു, അവര്‍ മാറ്റത്തിന് സജ്ജരാണ്, മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
അതേസമയം, നിലവിലെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനക് പരാജയം സമ്മതിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. സ്റ്റാർമറെ ഫോണിൽ വിളിച്ച് അദ്ദേഹം അഭിനന്ദനമറിച്ചു. പാർട്ടി തോറ്റെങ്കിലും റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് 23,059 വോട്ട് ഭൂരിപക്ഷത്തിൽ സുനക് നിലനിർത്തി.
ലേബര്‍ പാര്‍ട്ടി ഭരണത്തിലേറുന്നതോടെ ബ്രിട്ടനിലെ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് അന്ത്യമാകുന്നത്.