കിഫ്ബി മസാലബോണ്ട് കേസ്: ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
Friday, July 5, 2024 12:14 PM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ ഫെമ ലംഘനം നടന്നോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇഡി നല്കിയ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ഇഡിക്ക് അന്വേഷണം നടത്താന്‍ നിമപരമായി അധികാരമില്ലെന്ന് കിഫ്ബി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഫെമ നിയമപ്രകാരം റിസര്‍വ് ബാങ്കാണ് ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത്. ആര്‍ബിഐക്ക് എല്ലാ മാസവും കൃത്യമായി റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും നല്‍കുന്നുണ്ട്.
ആര്‍ബിഐയെ കോടതി നേരത്തെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. മൂന്നരവര്‍ഷം മുമ്പ് നല്കിയ രേഖകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും കിഫ്ബി അറിയിക്കുകയുണ്ടായി. ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഓതറൈസ്ഡ് ഡീലറായ ആക്സിസ് ബാങ്കും പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യുന്നുണ്ടെന്ന് കിഫ്ബി കോടതിയില്‍ അറിയിച്ചിരുന്നു.