ബന്ദികളുടെ മോചനം: ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രയേൽ
Friday, July 5, 2024 5:05 AM IST
ജറുസലം: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ തടവുകാരായവരെ മോചിപ്പിക്കാനുള്ള ചർച്ച പുനരാരംഭിക്കുന്നു. വെടിനിർത്തിയാൽ ഗാസയിലുള്ള 120 ബന്ദികളെയും മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നു.
ഹമാസുമായി ചർച്ച നടത്താൻ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്.
വെടിനിർത്തലിനായി നേരത്തേ നടത്തിയ രണ്ടു ചർച്ചകളും പരാജയമായിരുന്നു. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുനരാരംഭിക്കുന്നത്.
ബന്ദികളുടെ മോചനത്തിനായി ചർച്ച നടത്തുമെങ്കിലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.