റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
Friday, July 5, 2024 2:44 AM IST
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനോട് വ്യക്തവും ശക്തവുമായി ഉന്നയിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇരുവരും വിഷയത്തെപ്പറ്റി സംസാരിച്ചത്.
നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർ തിരിച്ചു വന്നാലേ സാഹചര്യം മുഴുവനായി അറിയൂ. എന്നാൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഒരു യുദ്ധമേഖലയിൽ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ ഉള്ളത് അംഗീകരിക്കാനാകില്ല.
ഞങ്ങൾ സഹകരണം തേടുന്നുവെന്നും നിങ്ങൾ ഞങ്ങളുടെ സുഹൃത്തും പങ്കാളികളാണെന്നും ഞാൻ സെർജി ലാവ്റോവിനോട് പറഞ്ഞു. ഈ ആളുകൾക്ക് കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും ഇന്ത്യയിലേക്ക് മടങ്ങാൻ വേഗത്തിൽ വഴി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോടു പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിച്ചുവെന്നും എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.