സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു
Friday, July 5, 2024 2:04 AM IST
ഹിസാർ: ഹരിയാനയിലെ ഹിസാറിൽ ബ്രേക്ക് തകരാറിലായ സ്കൂൾ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. വ്യാഴാഴ്ച രാവിലെ 40 കുട്ടികളുമായി പോയ്ക്കോണ്ടിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥികളുമായി വന്ന ബസ്, കനത്ത മഴയിൽ ദേശീയപാത 9ലൂടെ അമിതവേഗതയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് ബൈക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ചു.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു, ഇയാളുടെ നില ഗുരുതരമാണ്. ഒരു കാറിലും ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറി. കാർ യാത്രികർ സുരക്ഷിതരാണ്.
സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.