അമൃത്പാൽ സിംഗും എൻജിനിയർ റാഷിദും ഇന്ന് ലോക്സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും
Friday, July 5, 2024 1:00 AM IST
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗും കാഷ്മീരിൽ നിന്നുള്ള എൻജിനിയർ റാഷീദും ലോക്സഭാ അംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കോടതി ഇവർക്ക് പരോൾ അനുവദിച്ചിരുന്നു.
റാഷിദ്, തീവ്രവാദ ഫണ്ടിംഗ് കേസിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. അമൃത്പാൽ സിംഗ് ആസാമിലെ ദിബ്രുഗഢ് ജില്ലയിലെ ജയിലിലാണ് കഴിയുന്നത്. റാഷിദ്, ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ നിന്നും അമൃത്പാൽ സിംഗ് പഞ്ചാബിലെ ഖദൂർ സാഹിബിൽ നിന്നും സ്വതന്ത്രരായാണ് ജയിച്ചത്.
ജയിലിലായിരുന്നതിനാൽ ജയിച്ച മറ്റ് സ്ഥാനാർഥികളോടൊപ്പം ജൂൺ 24, 25 തീയതികളിൽ 18-ാം ലോക്സഭയിലെ അംഗങ്ങളായി അവർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല.
സത്യപ്രതിജ്ഞ ചെയ്യുന്നതിന്, റാഷിദിന് തിഹാറിൽ നിന്ന് പാർലമെന്റിലേക്കുള്ള യാത്രാ സമയം ഒഴികെ രണ്ട് മണിക്കൂർ കസ്റ്റഡി പരോളും അമൃത്പാൽ സിംഗിന് ആസാമിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനായി ജൂലൈ അഞ്ച് മുതൽ നാല് ദിവസത്തെ കസ്റ്റഡി പരോളും അനുവദിച്ചു.
പരോൾ കാലയളവിൽ, അവർക്ക് മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസ്താവനകൾ നടത്താനോ കഴിയില്ല. അവരുടെ കുടുംബാംഗങ്ങൾക്കും മാധ്യമങ്ങളിൽ പ്രസ്താവന നടത്താൻ കഴിയില്ല.
അമൃത്പാൽ സിംഗിന് ഡൽഹിയിൽ വച്ച് കുടുംബത്തെ സന്ദർശിക്കാം. എന്നാൽ റാഷിദിന്റെ കുടുംബത്തിന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാത്രമേ കഴിയൂ.