കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർക്കെതിരെ കേസ്
Friday, July 5, 2024 12:28 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. അഹമ്മദാബാദിലെ പാൽഡി മേഖലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് നടപടി.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കോൺഗ്രസ് ഓഫീസിന് പുറത്ത് ബിജെപി പ്രതിഷേധിച്ചത്.
കോൺഗ്രസിൽ നിന്ന് പരാതി സ്വീകരിച്ചതിനെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്ന് എല്ലിസ്ബ്രിഡ്ജ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി.ഡി. ജിലാരിയ പറഞ്ഞു.
അക്രമത്തിൽ പങ്കുണ്ടെന്ന് തെളിവുകൾ ലഭിച്ചിട്ടും ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.