സംഘർഷമുണ്ടാക്കുന്നവരെ ന്യായീകരിക്കരുത്; മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ്
Thursday, July 4, 2024 9:19 PM IST
തിരുവനന്തപുരം: എസ്എഫ്ഐയുടെ അക്രമങ്ങളെ മുഖ്യമന്ത്രി സഭയിൽ ന്യായീകരിച്ചത് പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നിരന്തരം സംഘർഷമുണ്ടാക്കുന്നവരെ രക്തസാക്ഷി കണക്ക് പറഞ്ഞ് ന്യായീകരിക്കരുതെന്നും എഐഎസ്എഫ് വിമർശിച്ചു.
ഇരയ്ക്കൊപ്പമോ വേട്ടക്കാർക്കൊപ്പമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണ്. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
കാര്യവട്ടം കാമ്പിലെ അക്രമസംഭവത്തിൽ മുഖ്യമന്ത്രി എസ്എഫ്ഐയെ സഭയിൽ ന്യായീകരിച്ചിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.
എസ്എഫ്ഐയുടെ വളർച്ച പടിപടിയായി ഉണ്ടായതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനത്തെ താറടിച്ചു കാട്ടേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റെന്നു തന്നെ പറയും. തെറ്റുകൾ തിരുത്തിച്ചിട്ടുണ്ട്. അതാണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യേകത എന്നും അദ്ദേഹം സഭയിൽ പറഞ്ഞിരുന്നു.