എൽ.കെ. അദ്വാനി ആശുപത്രി വിട്ടു
Thursday, July 4, 2024 8:57 PM IST
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി ആശുപത്രി വിട്ടു. ബുധനാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച അദ്വാനിയെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു.
1998 മുതല്‍ 2004 വരെ ആഭ്യന്തര മന്ത്രിയായും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യം ഈ വര്‍ഷം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു.