ഉപരാഷ്ട്രപതി ആറിന് തലസ്ഥാനത്ത്
Thursday, July 4, 2024 12:40 PM IST
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധൻകർ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ശനിയാഴ്ച തലസ്ഥാനത്തെത്തും. അദ്ദേഹത്തിന്റെ സുരക്ഷ നടപടികൾക്കായി പോലീസിന്റെ പ്രത്യേക ക്രമീകരണങ്ങൾക്കുള്ള നടപടികൾ ആരംഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ പന്ത്രണ്ടാമത് കോണ്‍വെക്കേഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. അദ്ദേഹത്തെ പത്നി സുധേഷ് ധൻകറും അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതിയെ സർക്കാർ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് അദ്ദേഹം വലിയമലയിലെ ഐഐഎസ്ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.
പകൽ മൂന്നിന് അദ്ദേഹം ഹെലികോപ്ടർ മാർഗം കൊല്ലത്തേക്ക് പോകും. ഞായറാഴ്ച രാവിലെ 9.45 ന് തിരുവനന്തപുരം വിമാനത്താവളം വഴി അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.