എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി: തോമസ് ഐസക്ക്
Wednesday, July 3, 2024 8:27 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വർഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലും ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഎഎ ,പലസ്തീൻ വിഷയങ്ങളിലെ സമീപനം പ്രീണനമായി ചിത്രീകരിച്ചു. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത് ആർഎസ്എസിന് സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം സഹായം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ അവരുടേതാക്കി ചിത്രീകരിച്ചു. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തിൽ ആർഎസ്എസും ബിജെപിയും ഒരു പരിധി വരെ വിജയിച്ചു. എൻഎസ്എസ് നേതൃത്വം ആർഎസ്എസിനെ അകറ്റിയെങ്കിലും കരയോഗങ്ങളിൽ വലിയ പങ്ക് ആർ എസ് എസ് നിയന്ത്രണത്തിലാണ്. ബിഡിജെഎസും ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നുവെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി.