കോപ്പ അമേരിക്ക: ബ്രസീല്‍ ക്വാര്‍ട്ടറില്‍
Wednesday, July 3, 2024 8:42 AM IST
കാലിഫോര്‍ണിയ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ കൊളംബിയയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
റാഫിഞ്ഞയുടെ ഗോളില്‍ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. 12-ാം മിനിറ്റിലാണ് താരം ഗോള്‍ നേടിയത്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊളംബിയ സമനില ഗോള്‍ നേടി. ഡാനിയല്‍ മുനോസ് ആണ് ഗോള്‍ സ്കോര്‍ ചെയ്തത്.
ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്.ക്വാര്‍ട്ടറില്‍ ഉറുഗ്വായ് ആണ് കാനറികളുടെ എതിരാളി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കൊളംബിയ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. ക്വാര്‍ട്ടറില്‍ പനാമയാണ് കൊളംബിയയുടെ എതിരാളി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റാറിക്ക പരാഗ്വെയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.