സിംബാബ്വെ പര്യടനം: സഞ്ചുവും ദുബെയും ജെയ്സ്വാളും ആദ്യ മത്സരങ്ങള്‍ക്കില്ല; പകരക്കാരെ പ്രഖ്യാപിച്ചു
Tuesday, July 2, 2024 3:53 PM IST
ന്യൂഡല്‍ഹി: സിംബാബ്വെയുമായുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു സാംസണും ശിവം ദുബെയും യശ്വസി ജെയ്സ്വാളും കളിക്കില്ല. ടി20 ലോകകിരീടം നേടിയ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളുടെയും മടക്കയാത്ര വൈകിയതിനെതുടര്‍ന്നാണ് തീരുമാനം. ബാര്‍ബഡോസില്‍ ചുഴലികൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്.
മൂന്ന് താരങ്ങള്‍ക്കും ബിസിസിഐ പകരക്കാരെ പ്രഖ്യാപിച്ചു. സായ് സുദര്ശന്, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരാണ് പകരക്കാര്‍. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ചുവും ദുബെയും ജയ്സ്വാളും കളിക്കും. ലോകകപ്പ് വിജയിച്ച ടീമിലുള്ള മൂവരും ഇന്ത്യയിലേക്ക് ആദ്യം വന്നതിന് ശേഷം മാത്രം സിംബാബ്വേയിലേക്ക് തിരിച്ചാല്‍ മതിയെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.