മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന പ്രശ്നം: കെ. സുധാകരൻ
Monday, July 1, 2024 5:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന വലിയ പ്രശ്നമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്നും അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാര്‍ട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് തിരുത്തല്‍ രേഖകള്‍.
മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്ന് എഴുതിയ തെറ്റുതിരുത്തല്‍ രേഖയിലെ മഷി ഉണങ്ങുംമുമ്പാണ് തിരുവല്ലയില്‍ പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തതെന്നും സുധാകരൻ പറഞ്ഞു.